Monday, March 23, 2009

പാഠം

മിക്ക ഞായറാഴ്ചകളിലും ഇറച്ചിക്കറിയുണ്ടാവും. ഇത്തവണയും അതിനുള്ള ഒരുക്കങ്ങളുണ്ട്, അടുക്കളയില്‍. അയ്യ‌‌ത്താകെ ചിക്കിപ്പെറുക്കി നടക്കാറുള്ള വെളുത്ത, വലിയ പൂവനെയാണു് ഇന്നു വല്യപ്പന്‍ ശരിയാക്കിയത്.

അടുക്കളയില്‍, ചാണകത്തറയില്‍, നാലു കാലുള്ള ചിരവയില്‍ കുന്തിച്ചിരുന്ന് വല്യപ്പന്‍ കോഴിയെ ചെറിയ കഷണങ്ങളായി നുറുക്കുകയാണു്.

പണ്ടേ തോന്നിയിട്ടുണ്ട്, ഈ വല്യപ്പനും വല്യമ്മയും തീറ്റക്കാര്യത്തില്‍ വലിയ ആര്‍ത്തിക്കാരാണു് എന്നു്.

അതു വരെയുള്ള സ്നേഹവും വാചാലതയുമൊക്കെ തീറ്റ തുടങ്ങുമ്പോള്‍ എങ്ങോ മറയും. വല്യമ്മയുടെ താടിയെല്ല് ചലിക്കുന്നത് എന്തു വേഗമാണെന്നോ? അല്പം പതുക്കെ കഴിച്ചാല്‍ എന്താണു് കുഴപ്പം? ആരെങ്കിലും അവരുടെ പാത്രത്തില്‍ നിന്നും കൈയ്യിട്ടെടുക്കുമോ?

ഇതൊക്കെ അമ്മയോട് ഒരിക്കല്‍ പറഞ്ഞപ്പോള്‍, കുറേ നേരം അമ്മ നിര്‍ത്താതെ ചിരിച്ചെങ്കിലും, "ശ്ശൊ..! അങ്ങിനെയൊന്നും പറയല്ലേ..!" എന്ന ശാസനയാണു് കിട്ടിയത്.പിത്തള കെട്ടിയ കറിക്കത്തി, മൂര്‍ച്ചയുള്ള വശം മേലോട്ട് നില്‍ക്കത്തക്കവണ്ണം കാല്‍വിരലുകള്‍ക്കിടയില്‍ ചവിട്ടി നിര്‍ത്തണം. ചിലപ്പോള്‍, മുഴച്ച് നിര്‍ത്താനായി കത്തിക്കടിയില്‍, ഒരു കണ്ണന്‍ ചിരട്ടയും കൂടി വെയ്ക്കും.

രണ്ട് കൈകൊണ്ടും ഇറച്ചിക്കഷണങ്ങള്‍ പിടിച്ച്, കറിക്കത്തിയുടെ മൂര്‍ച്ചയിലൂടെ മുന്നോട്ടും പിന്നോട്ടും വരഞ്ഞ് വരഞ്ഞ് വരഞ്ഞ്...ഒറീസ്സയില്‍ നിന്നും അപ്പാപ്പനും മറ്റും വന്നപ്പോള്‍, കുഞ്ഞനും കൂടിയിരുന്നു, കോഴിയെ അറുക്കാന്‍ .

കോഴിയെ കൊല്ലുന്നത്, കുഞ്ഞനെ പഠിപ്പിക്കാമെന്നായി അപ്പാപ്പന്‍ - ചിറകുകള്‍ രണ്ടും പിണച്ച് കൂട്ടി, കാലുകളില്‍ ചവിട്ടിപ്പിടിച്ച് , ഒരു കൈകൊണ്ടതിന്റെ തല കടന്നു പിടിച്ചിട്ട്, കത്തി കൊണ്ട് അതിന്റെ കഴുത്ത് വരയണം.

വരയുമ്പോള്‍, ചോര ചീറ്റും, ക്രമേണ അതിന്റെ ശക്തി കുറഞ്ഞു വരും. അപ്പോള്‍ മാത്രമേ അതിന്റെ തല വിടാവൂ.

എന്നാല്‍, അന്നോ? കുഞ്ഞന്റെ പിടിക്ക് ശക്തി പോരാന്നു വന്നു. ഒരു ജീവിയുടെ കഴുത്ത് എങ്ങിനെയാ ഇതിലും മുറുക്കെ പിടിക്കുക? തന്നെയുമല്ല, കൈപ്പിടിക്കുള്ളിലെ കഴുത്തില്‍ എന്തൊക്കെയോ നീങ്ങുന്നു, കുറുകുന്നു.

എന്നാലും എന്തിച്ച് നിന്നു വരഞ്ഞു വിട്ടു.

ചോര ചീറ്റിത്തുടങ്ങിയപ്പോള്‍ എങ്ങിനെയോ അത് ചിറകുകള്‍ നിവര്‍ത്തിയടിച്ച് ബഹളമുണ്ടാക്കാന്‍ തുടങ്ങി.

അതിനിടയില്‍ തുടയ്ക്കിട്ടതൊരു മാന്തും. അതോടെ കുഞ്ഞന്റെ പിടി പൂര്‍ണ്ണമായും അയഞ്ഞു.

പാതി മുറഞ്ഞ കഴുത്തുമായി, ചോരയും ചീറ്റിച്ച് വികൃതമായ ശബ്ദത്തോടെ അതു കുതറിയോടി.

അയയില്‍, നനച്ചുണക്കാനിട്ടിരിക്കുന്ന വെളുത്ത തുണികളില്‍ ചിലയിടത്തെല്ലാം അതിന്റെ ചോരത്തുള്ളികള്‍ പതിഞ്ഞു. എങ്ങോട്ടെന്നില്ലാതെ ഓടുന്നതിനിടയില്‍, വരാന്തയ്ക്ക് നേരെ അത് ഓടിച്ചെന്നപ്പോള്‍, കുമ്മായമടിച്ച ഭിത്തിയിലേക്കും ചോരത്തുള്ളികള്‍ തെറിച്ചു.


എല്ലാം കണ്ട് കൊണ്ട് നിന്ന വല്യപ്പന്‍ പിന്നാലെ ഓടിച്ചെന്ന്, വാക്കത്തിക്ക് എറിഞ്ഞോ മറ്റോ, ഒരു തരത്തില്‍ അതിനെ പിടിച്ചു കൊണ്ടു വന്നു. വല്യപ്പനു നന്നായി ദേഷ്യം വന്നിട്ടുണ്ടായിരുന്നു.

അവര്‍ടെ നനച്ചിട്ട തുണികളില്‍ ചോര പറ്റീട്ടുമുണ്ട്. അപ്പാപ്പനു ചിരി നിര്‍ത്താന്‍ മേല. ഇതിനെല്ലാം ഇടയിലൂടെ നൂഴ്ന്ന് വന്ന് അമ്മ, ചന്തിക്ക് ഒരു പ്ളാവിന്‍ കമ്പ് കൊണ്ട് ഒന്നു വീശി.

ചിരിക്കണോ കരയണോ എന്നുള്ള സന്ദേഹം ഉണ്ടായിരുന്നത് അതോടെ മാറിക്കിട്ടി.
വല്ല്യപ്പന്‍ കോഴിയെ നുറുക്കുന്നതില്‍ തന്നെ മുഴുകിയിരിക്കുന്നു. തല ഉയര്‍ത്തി ഒന്നു നോക്കുന്നു പോലുമില്ല. കുഞ്ഞന്‍ പിന്നാമ്പുറത്തേക്ക് നടന്നു.

എങ്ങിനെയാണു് കത്തി കൊണ്ട് വരഞ്ഞാല്‍ മുറിയുന്നത്? കൈയ്യിലിരുന്ന ചുള്ളിക്കമ്പ് വിരലിനു കുറുകെ വരഞ്ഞു നോക്കി. ഒന്നുമില്ല.ജനാലയുടെ പടിയില്‍, അപ്പാപ്പന്‍ ഷേവ് ചെയ്തിട്ട് കളഞ്ഞ പഴയ ബ്ളെയിഡുകള്‍. അവയില്‍ ഏറ്റം പുതിയതെന്നു തോന്നുന്ന ഒരെണ്ണം ചെന്നെടുത്തു.

ബ്ളെയിഡിന്റെ അറ്റത്ത് നിറം മാറ്റം. മൂര്‍ച്ചയുടെ നിറം.

നന്നായി കാണത്തക്ക വണ്ണം കണ്ണോട് ചേര്‍ത്ത് വെച്ച് കുഞ്ഞന്‍ മൂര്‍ച്ചയ്ക്ക് മീതേ ചൂണ്ട്‌‌വിരലോടിച്ചു.നീളത്തില്‍ ഒരു നനുത്ത വര വിങ്ങി നില്‍ക്കുന്നു. അത്രമാത്രം.

അടുത്ത് നിമിഷം, നനുത്ത വര, ചുവന്ന ചോര തള്ളുന്ന മുറിവായി.

എന്നിട്ടും ചോദ്യം ബാക്കിനില്‍ക്കുന്നു, എങ്ങിനെയാണു് മുറിഞ്ഞത്? കൃത്യമായി എപ്പോഴാണു് മുറിഞ്ഞത്?

കൈത്തണ്ടയിലൂടെ ചോര നിലത്തേക്ക് വീണു് തുടങ്ങിയപ്പോള്‍ കുഞ്ഞന്‍ ബ്ളെയിഡ് താഴെയിട്ടു.

എന്നിട്ട്, നിലവിളിച്ച് കൊണ്ട് അടുക്കള ലക്ഷ്യമാക്കി നടന്നു.

"അമ്മേ..! എന്റെ കൈ മുറിഞ്ഞൂ..!"


ചായ്പിന്റെ കതക് തള്ളി അമ്മയോടി വന്നപ്പോളും അകത്ത്, വല്യപ്പന്‍ കോഴിയെ നുറുക്കുകയായിരുന്നു.

4 comments:

കൂട്ടുകാരന്‍ | Friend said...

ഈ സൈറ്റ് ഒന്ന് കാണിക്കുമോ തനിമലയാളത്തില്‍.. ? ഫീഡ് URL ഇതാണ് http://feeds2.feedburner.com/blogpuranamposts ബ്ലോഗിന്റെ വിലാസം. : http://blogpuranam.blogspot.com

...പകല്‍കിനാവന്‍...daYdreamEr... said...

"അടുത്ത് നിമിഷം, നനുത്ത വര, ചുവന്ന ചോര തള്ളുന്ന മുറിവായി.

എന്നിട്ടും ചോദ്യം ബാക്കിനില്‍ക്കുന്നു, എങ്ങിനെയാണു് മുറിഞ്ഞത്? കൃത്യമായി എപ്പോഴാണു് മുറിഞ്ഞത്?"

വളരെ നന്നായി എഴുതിയിരിക്കുന്നു.. ആശംസകള്‍

ആര്യന്‍ said...

...
എന്ത് പറയണം എന്ന് അറിയില്ല. സുന്ദരമായ ഒരു കൊച്ചുകഥ.

(comments in my blog http://ulkkatal.blogspot.com are not appearing in marumozhi. if you are an admin, can you please look into this problem?)

സു | Su said...

“പാഠം” എന്ന പാഠം നന്നായിട്ടുണ്ട്. അങ്ങനെയാണ് ഓരോന്നും മനസ്സിലാക്കുക. തിരിച്ചറിയുക.