Wednesday, March 25, 2009

സംശയം

"ഏഡാ..?! നീ അന്നു പറഞ്ഞത് നേരാണോ..?"

ഗ്ളാസ്സ് മേശപ്പുറത്ത് തിരികെ വെയ്ക്കുന്നതിനിടെ അവന്‍ ചോദിച്ചു.

സുധാകരന്റെ ചോദ്യം എന്തിനെ പറ്റിയാണെന്നു അറിയാഞ്ഞിട്ടല്ല, അവനതിന്റെ ഉത്തരം എത്ര കേട്ടാലും സമാധാനമാവില്ല എന്നതും അറിയാഞ്ഞിട്ടല്ല. ഇങ്ങനെ നീട്ടി ഈണത്തില്‍ ചോദിക്കുന്നത്, അവന്റെ ഒരു മനഃസ്സമാധാനത്തിനു വേണ്ടിയാണെന്നും അറിയാം.

എങ്കിലും, അജ്ഞത നടിച്ചു.


"എന്തോന്നു്..?"

"അന്നാ തോട്ടിലെ കാര്യം..?"താബോര്‍ പള്ളിക്ക് താഴെയൊരു വീട്ടില്, വലിയൊരു പ്ളാവിന്‍ തടിയുടെ പണിയായിരുന്നു അന്നു്. ഈര്‍ച്ചവാളും മഴുവുമൊക്കെ അടുത്ത ദിവസവും വേണമെന്നതിനാല്‍, ആ വീട്ടുകാരുടെ ഓലചായ്പ്പില്‍ ‍ അതെല്ലാംകൊണ്ട് ചെന്നു വെയ്ച്ചു.

താഴെ, വയലിറമ്പില്‍, വളഞ്ഞ് പുളഞ്ഞൊഴുകുന്ന തോടുണ്ട്. ഒരാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാനും മാത്രം വീതിയുണ്ട്. മഴക്കാലം അകലുന്നതിനൊപ്പം അതിലെ വെള്ളത്തിന്റെയും ഒഴുക്ക് കുറയും. എങ്കിലും അത്യാവശ്യം കുളിയും നനയുമൊക്കെ നടത്താനും മാത്രം വെള്ളമുള്ള സമയമായിരുന്നു അത്.

ഒന്നു കുളിച്ച് അതു വഴി മല കയറി മുക്കിനെത്താം എന്നു കരുതി താഴോട്ട് ചെന്നപ്പോഴാണു്, കടവില്‍ സുധാകരന്‍ കുളിക്കുന്നത് കണ്ടത്. അവന്‍ കുളിച്ച് കയറിയിട്ട് ഇറങ്ങാമെന്നു കരുതി തുടര്‍ന്നും ഇറക്കമിറങ്ങവേയാണു് പ്രകൃതിയുടെ വിളി വന്നത്.

അത്യാവശ്യമായി, തൂറണം.!

എന്താണു പ്രചോദനം എന്നറിയില്ല, ഇപ്പുറത്തു കൂടി സുധാകരന്‍ കാണാതെ, അവനു മേലെ പടര്‍‍ന്നു നില്‍ക്കുന്ന പൊന്ത കടന്നു തോട്ടിലിറങ്ങി. കാലുരുമ്മി പോവുന്ന വെള്ളം സുധാകരന്‍ കുളിക്കുന്ന കടവിലെത്തുവാന്‍ കഷ്ടി അരമിനിറ്റ് നേരം മതിയാവും.

അവിടെ, തോട്ടില്‍, കുന്തിച്ചിരുന്ന് തൂറി. ഒരു വലിയ നെടുങ്കന്‍ മഞ്ഞക്കണ്ടി, ഒഴുകുന്ന വെള്ളത്തിനൊപ്പം അല്‍പം താഴോട്ട് പോയിട്ട് എന്തിലോ ഉടക്കി നിന്നു.

വൃത്തിയാക്കിയിട്ട് താഴെ കടവിലേക്ക് ചെന്നു. തീട്ടവെള്ളത്തില്‍ തിമിര്‍ത്തു് കുളിക്കുന്ന സുധാകരന്‍.

"നീയ്യ് കുളിക്കാനില്ലേ..?" വായിലെ വെള്ളം തുപ്പിക്കളഞ്ഞിട്ട് സുധാകരന്‍ ചോദിച്ചു.

"ഇല്ലഡാ, നീ കുളി..! ഞാമ്പോവ്വാ. വീട്ടീ ചെന്ന് കുളിച്ചോളാം..!" ഒരു തരത്തില്‍ ചിരിയൊതുക്കി പെട്ടെന്നു വരമ്പിലൂടെ നടന്നകന്നു.

ഇപ്പ്ളും ഇടയ്ക്കിടെ ഇതോര്‍ത്ത് ചിരി വരാറുണ്ട്.

ഇതാകെ അറിയാവുന്നത്, പെമ്പ്രന്നോത്തിക്കും, പിന്നെ ലാസറിനുമാണു്. ചക്രപാണിയുടെ മാടയ്ക്കടയ്ക്ക് പിന്നില്‍ സെറ്റിനൊപ്പം കൂടി ആരാണ്ടോ തന്ന ഒരു മിലിട്ടറി കുപ്പിയും തീര്‍ത്തിട്ട്, ഇരുട്ടത്ത് തിരികെ മലയിറങ്ങി വരവെയാണു് ലാസറിനോടു് പറഞ്ഞത്. അവനും അന്ന് കുറെ ചിരിച്ചു.

എന്തായാലും സുധാകരനു് കള്ള് ചെന്നു കഴിയുമ്പോള്‍ ഈക്കാര്യത്തെ പറ്റി വലിയ സമാധാനക്കുറവാണു്. നേരാണോ, നേരാണോ, നേരാണോ എന്നു് അവന്‍ ചോദിക്കുമ്പോഴെല്ലാം കള്ളക്കഥയാണു് എന്നു തന്നെയാണു് അവനോട് പറഞ്ഞു പോരുന്നത്.

എന്നാലും, ഉള്ളിന്റെയുള്ളില്‍ ഇത്തിരി ഭയമാണു് - കാലമിത്രയുമായിട്ടും ഇതിവിനിങ്ങനെ വിടാതെ ഇട്ടു് ഉരുട്ടുന്നത്, ഭയപ്പെടുത്തുന്നു.
"സൂദാരാ..?, നെണക്കെന്താടാ..?! അതു കള്ളക്കഥയാണെന്നു നെണക്കിനീം ബോദ്ധ്യമായില്ലേ..?"

"എന്നാലുമൊന്ന് ചോദിച്ചൂന്നെ ഒള്ളെടാ..!" അവന്‍ അടുത്ത് ഗ്ളാസ്സ് നിറയ്ക്കുകയാണു്.ലാസറിനോട് അല്‍പം ദേഷ്യം തോന്നാതെയിരുന്നില്ല, വെറുതെയാണെങ്കിലും.

ഇതിനെ പറ്റി ലാസറിനോട് ചോദിച്ചപ്പോഴോക്കെ അവനാരോടും ഒന്നും പറഞ്ഞിട്ടില്ലെന്ന് സത്യം വരെ ചെയ്തിട്ടുണ്ട്. ചാരായത്തിന്റെ തള്ളലിന്റെ ഇടയില്‍ ‍ പറഞ്ഞതാവുമെന്ന് കരുതാന്‍ അവന്‍ കുടീം വലീം പണ്ടേ നിര്‍ത്ത്വേം ചെയ്ത്‌‌താണു്.

മഴു പായിക്കുന്ന കൈയ്യാണു് സുധാകരന്റേതു്. കുട്ടിക്കാലത്ത് അവനോട് തല്ല് കൂടിയപ്പോഴൊക്കെ അവന്‍ നിലം തൊടീക്കാതെ തന്നിട്ടുമുണ്ട്.

ചിന്തയ്ക്കിടയില്‍, മുന്നിലിരുന്ന കുപ്പി ശടേന്നു തീര്‍‍ന്നു. വേഗം തന്നെ, ചെക്കന്‍ പകരം ഒരെണ്ണം കൊണ്ടു വെച്ചു.

തലയ്ക്ക് പിടിച്ചിരിക്കുന്നു, കാഴ്ച മങ്ങുന്നു.

ഗഹനമായ ചിന്തയ്ക്ക് മറ്റെന്തെല്ലാം വിഷയങ്ങളുണ്ടായിട്ടും, ഇപ്പൊ തട്ടി നില്‍ക്കുന്നതു്, ഇതാരു പറഞ്ഞു സുധാകരനോടു് എന്ന ചോദ്യമാണു്.

ഇനീ, ഒരുപക്ഷെ, ഇതു പോലെ, ഉള്ള കള്ളെല്ലാം തലയ്ക്ക് പിടിച്ചപ്പോ താന്‍ തന്നെ അവനോട് പറഞ്ഞതാണോ? ഹേയ്, അല്ല. കള്ളെത്ര കേറ്റിയാലും തണ്ടീം തരോം നോക്കാതെയുള്ള പരിപാടിക്കൊന്നും..!

ഒരു കുപ്പീം കൂടെ തീര്‍ന്നപ്പോള്‍, മനഃക്കണ്ണില്‍ ശാരദയുടെ മുഖം തെളിഞ്ഞു വരുന്നു. ആരോടോ അടക്കം പറയുന്ന ശാരദ.

അവളായിരിക്കുമോ ഇനി സുധാകരനോടു് പറഞ്ഞത്? അങ്ങിനെയാണെങ്കില്‍, അവരു തമ്മിലെന്തു്..?!

ബീഡിപ്പുക പടര്‍ന്ന ഷാപ്പിനുള്ളില്‍, ബെഞ്ചിന്റെ അങ്ങേയറ്റം സുധാകരന്‍ ഇങ്ങോട്ട് തന്നെ നോക്കിയിരുപ്പുണ്ട്. അവന്റെ നോട്ടം, ഒരു മാതിരി ഭയപ്പെടുത്തുന്നതു പോലെ..

അവളാണു്..! അവളായിരിക്കും..!

ചാടിയെണീറ്റു. വീട്ടിലെത്തണം..

അറുവാണിച്ചി..! അവള്‍ക്ക് രണ്ടെണ്ണം കൊടുക്കണം. എല്ലാം അവളെക്കൊണ്ട് പറയിക്കണം..!

"ഡീ..! ശാര്‍‌‌ദ്ദേ..! നിനക്ക് വെച്ചിട്ടുണ്ടെഡീ..! ഞാനൊന്നങ്ങോട്ട് എത്തിക്കോട്ടെഡീ..!"

വേച്ച് വേച്ച് പുറത്തിറങ്ങിയ ആളിനു തെല്ല് പിന്നാലെ, ഗ്ളാസ്സിലെ ദ്രാവകം ഒറ്റ വലിക്ക് തീര്‍ത്തിട്ട് സുധാകരനും ഇറങ്ങി, ദൃഢമായ കാല്‍വെയ്‌‌പ്പുകളോടെ.

8 comments:

കുമാരന്‍ said...

good..

വരവൂരാൻ said...

നന്നായിട്ടുണ്ട്‌ ആശംസകൾ

അരവിന്ദ് :: aravind said...

ഹഹ! കൊള്ളാം.
ഏവൂരാന്‍ കഥകളെഴുതുന്നത് എന്നെപ്പോലെയുള്ള unsophisticated വായനക്കാര്‍ക്ക് ഒരാശ്വാസമാണ്.

ചങ്കരന്‍ said...

നല്ല കഥ, തോടും സുധാകരനും ഒക്കെ ചിത്രങ്ങളാകുന്നു.

...പകല്‍കിനാവന്‍...daYdreamEr... said...

നല്ല എഴുത്ത്.. ആശംസകള്‍...

ആര്യന്‍ said...

ഏവൂരണ്ണാ, പതിവ് പോലെ, കലക്കി..!

(pls remove this word veri.)

jayanEvoor said...

തനി നാടന്‍ എഴുത്ത്!

ഏവൂരുള്ള ദിവാകരനെയും വിജയനേയുമൊക്കെ ഓര്‍ത്തു പോയി!!

കുട്ടിക്കാലത്ത് അവരൊക്കെ വക്കീലിന്റെ പറമ്പില്‍ നിരന്നിരിക്കുന്നത് എത്ര തവണ കണ്ടിരിക്കുന്നു!!

Channar said...

Very good.