Saturday, July 25, 2009

വഴി പറഞ്ഞ കഥ

കാറും കോളും മൂടിക്കെട്ടിയ ആകാശം, വണ്ടിയിറങ്ങാറായപ്പോഴേക്കും കൂടുതല്‍ കറുത്തിരുണ്ടു. ഉഴറിയടിക്കുന്ന കാറ്റിനു പതിവില്ലാത്ത മട്ടില്‍ ഈര്‍പ്പം. അതു കൊണ്ട് തന്നെ കൂടുതല്‍ ഉന്മേഷം തോന്നിപ്പോയി.

സ്റ്റോപ്പില്‍, ആടിയുലഞ്ഞ് ബസ്സ് നിന്നു.

"സൂക്ഷിച്ച് ഇറങ്ങണേ..!" പിന്നില്‍ നിന്നും വിളിച്ച് പറഞ്ഞതൊന്നും ഫലവത്തായില്ല. ചവിട്ടുപടിയില്‍, ഇനിയും പടികളിറങ്ങാന്‍ ബാക്കി നില്‍ക്കേ, നേരേ നിലത്തോട്ടൊരു ചാട്ടം വെച്ച് കൊടുത്തു.

"എടാ.. മെല്ലെ പോവാനല്ലേ പറഞ്ഞത്..?" കുഞ്ഞമ്മയും തൊട്ടുപിന്നാലെ. ഇവരിതെങ്ങനെ ഇത്രയും വേഗം പിന്നാലെ എത്തി?

മുതിര്‍ന്നവരുടെ കാലുകള്‍ക്ക് നീളക്കൂടുതലുള്ളതിനാല്‍, കൂടുതല്‍ ദൂരം അല്പനേരത്തിനുള്ളില്‍ ചെന്നെത്താനാവും.

ബസ്സിറങ്ങിയതിനു തൊട്ടടുത്ത് തന്നെ, ഒരു മാടക്കടയില്‍, നിരത്തി വച്ചിരിക്കുന്ന മിട്ടായി ഭരണികളില്‍ കണ്ണുടക്കി. നേരം ഒട്ടും കളയാതെ, കുഞ്ഞമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചു വലിച്ച്, ഇംഗിതമറിയിച്ചു.

ഒരു പൂവന്‍ പഴവും, സോഡായും കൂടിയൊത്തു. കുഞ്ഞമ്മയായിട്ടാണു്..! അമ്മയായിരുന്നെങ്കില്‍, ഇതിനോടകം ഒന്ന് രണ്ട് കിഴുക്കും, രണ്ട് തെറിയും കിട്ടിയേനെ.ഇനീ, ഒരു മൈലോളം നടക്കണം. കുറേ ദൂരം റോഡിലൂടെ, പിന്നെ ഒരു തോട്ടത്തിനുള്ളിലെ ഒറ്റ വരിപ്പാതയിലൂടെ കുറേ പോവാനുണ്ട്. കുറുക്കുവഴിയായിട്ടാണു് അത്രേം. നേരെ, റോഡിലൂടെ തന്നെ നടക്കാനാണെങ്കില്‍, മൂന്ന്-മൂന്നര മൈലോളം നടക്കണം, പോരാത്തതിനു ഒന്ന് രണ്ട് വമ്പന്‍ കയറ്റവും കയറണം.

ഭാരം കുറവുള്ള ഒരു സഞ്ചി ചെന്നെടുത്തു മുന്നേ നടന്നു, കുഞ്ഞമ്മ പിന്നാലെയുണ്ട്.

ഈ ബാഗിനുള്ളില്‍ ടോര്‍ച്ചുണ്ട്, പക്ഷെ അതെടുക്കാനും മാത്രമുള്ള ഇരുട്ടായിട്ടില്ല ഇപ്പോ.

ഇനീ മുന്ന് നാലു ദിവസം ഇവിടെയാകും. കുഞ്ഞമ്മയ്ക്ക് ചെറുപ്രായത്തിലുള്ള രണ്ട് നാത്തൂന്മാരുണ്ട്. അതിലൊരാള്‍ ഹൈ‌‌സ്കൂളിലായതേ ഉള്ളൂ. അവരുടെയൊക്കെ ഒപ്പം, ആ വശത്തെ മലയൊക്കെ കയറി നടക്കാം. കണ്ണില്‍ കാണുന്ന മാങ്ങയും പേരയ്ക്കയുമൊക്കെ പൊട്ടിച്ച് തിന്നാം, രസം തന്നെയാകും.

ചന്തയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ആള്‍ക്കാര്‍ തങ്ങളുടെ വീടുകളിലേക്ക് പോവുന്നുണ്ട്. ഏറെയും ആള്‍ക്കാരുടെ പക്കല്‍ സഞ്ചികളും, ചുരുക്കം ചിലര്‍ക്ക് തലച്ചുമടുകളുമുണ്ട്.

അവിടെ, വശത്ത്, പാടത്തോടു് ചേര്‍ന്നു്, പന്തു കളി നടക്കുന്ന കോര്‍ട്ടുണ്ട്. ഇന്നത്തെ കളി കഴിഞ്ഞിട്ടുണ്ടാവണം, ചെറുപ്പക്കാര്‍ കൂടി നിന്ന് സൊറ പറയുന്നു.

ഇനിയുള്ളത് കള്ള്ഷാപ്പാണു് - മിക്കപ്പോഴും അതിനു ചുറ്റും കുറേപ്പേരേ കാണാറുള്ളതാണു്, ചിലപ്പോള്‍ കശപിശയും. ഇപ്പോളാവട്ടെ, അവിടെങ്ങും ആരുമില്ല.

എങ്കിലും അല്പം ഭയം തോന്നാതിരുന്നില്ല; കള്ളു കുടിയന്മാര്‍ ആരെങ്കിലും ഉപദ്രവിക്കാനോ കുഞ്ഞമ്മയുടെ മാല പൊട്ടിക്കാനോ മറ്റോ വന്നാല്‍ എന്തു ചെയ്യും?

ഒന്ന് രണ്ട് പേര്‍ മുന്നേയും പോവുന്നുണ്ട്, ആശ്വാസം..!

"ദാ, ഇവിടെ, ഇതു വഴി..!" റോഡില്‍ നിന്നും വഴിമാറാനുള്ളയിടം എത്തിയത് അറിഞ്ഞതേയില്ല.

സിനിമാ പോസ്റ്ററുകള്‍ പതിപ്പിച്ച വലിയ രണ്ടു മരങ്ങള്‍ക്കിടയിലൂടെ, പാടത്തേക്കിറങ്ങുന്ന ഒറ്റ വരി പാത. വരമ്പത്തൂടെ അക്കരെയെത്തിയാല്‍ തോട്ടമായി.

കൃഷിയൊഴിഞ്ഞ ചില പാടങ്ങള്‍, ചിലവയില്‍ വെറ്റില നാമ്പുകള്‍ തല നീട്ടിത്തുടങ്ങുന്നു. വരമ്പിനാകട്ടെ, ചിലയിടങ്ങളില്‍ വീതി തീരെ പോര.ഇപ്പ്ളാ ഓര്‍ത്തത്, കുഞ്ഞമ്മയുടെ വീട്ടിലെ കക്കൂസൊരു മെനക്കേടാണു്. കയറുമ്പോള്‍ തന്നെ, ആ സ്ളാബ് കിടും കിടുമെന്നു് ഒരൊച്ചയുണ്ടാക്കും, എല്ലാം കൂടി ഉടഞ്ഞു് അതിനടിയിലെ പടുകുഴിയിലേക്ക് വീണു പോവുമെന്ന മട്ടില്‍. പണി തീര്‍ന്നപ്പോള്‍ മുതല്‍ക്കേ അതങ്ങിനെയാണു് പോലും. ഭയമാണു് അതില്‍ പോവാന്‍.

പകരം, പോവേണ്ടപ്പോള്‍, വീടിനു താഴെയുള്ള വാഴത്തോപ്പില്‍, കുഞ്ഞമ്മയെക്കൊണ്ട് കൂന്താലിക്ക് കുഴികളെടുപ്പിക്കും. ഇത്തവണയും അതു തന്നെ.

"ഹ ഹ ഹ..!" കുഞ്ഞമ്മ ചിരിച്ചു.

"നീയ്യ് ഇത്രേം വലിയ ചെറുക്കനായില്ലേ..? ഇന്നീം ആ കക്കൂസില്‍ തന്നെ പൊയ്ക്കൂടെ..?"

പറ്റില്ലേ..! ഇളകിയാടുന്ന കക്കൂസില്‍ പോവാന്‍ ഞാനില്ലേ..! ഇല്ല..!തോട്ടമായിരിക്കുന്നു. മരച്ചില്ലകളുടെ മറവുള്ളതിനാല്‍ ഒരു വക കാണാനൊക്കില്ല. കുഞ്ഞമ്മ ടോര്‍ച്ചെടുത്ത് മിന്നിച്ചു് തുടങ്ങി.

"നിനക്ക് ഏതു ടീച്ചറിനെയാ ഏറ്റം ഇഷ്ടം..?"

സുധാമണിടീച്ചറിനെ. അവരു കുഞ്ഞമ്മയുടെ കൂട്ടുകാരിയുമല്ലേ..!

മിന്നാമിനുങ്ങള്‍ പൊന്തിത്തുടങ്ങിയിരിക്കുന്നു. ഈ വഴിയെ കുറേ നേരമായിട്ട് ആരും പോയ മട്ടില്ല, കുറുകെയുള്ള ചിലന്തിവലകള്‍ മുഖത്തടിച്ചു.മുന്നേ ഒരു വന്മരം, അതിനെ ചുറ്റിയുള്ള ആ വലിയ വളവു കഴിഞ്ഞാല്‍, അങ്ങ് ദൂരെയുള്ള മൈക്രൊവേവ് ടവറിന്റെ തലപ്പത്തുള്ള ചുവന്ന വെട്ടം കാണാകും, കുഞ്ഞമ്മ പറഞ്ഞു.

വഴിയിലേക്ക് പടവുകളായി പൊന്തി നില്‍ക്കുന്നത്, ആ മരത്തിന്റെ വേരുകളാണു്.

കാണാമോ ചുവന്ന വെട്ടം..? അതു് കത്തുകയും കെടുകയും ചെയ്യും. വശത്തേക്ക് നോക്കി നടന്നു.

വഴുവഴുപ്പ്, മരത്തിന്റെ പായലോടിയ വേരാവും.

"അയ്യോ..! എന്താണത്..!?" കുഞ്ഞമ്മ ശബ്ദമുയര്‍ത്തി.

ഹി ഹി..! ആ മരത്തിന്റെ പായലോടിയ വേരാവും, അതു വഴുക്കുന്നതാവും, കുഞ്ഞമ്മേ..!

"ഇശ്ശ്..! എന്നെ എന്തോ കടിച്ചല്ലോ..?" കുഞ്ഞമ്മ സാരിയല്പം ഉയര്‍ത്തി, ടോര്‍ച്ച് തന്റെ വലം കാലിലേക്ക് പ്രകാശിപ്പിച്ചു. കൊലുസ്സിനു മേലെ എന്തോ പോറിയ പോലെ, ചോര പൊടിക്കുന്നു.

പിന്നില്‍, നിലത്തേക്ക് ടോര്‍ച്ചടിച്ചു. തെല്ലകലെ, വേഗത്തില്‍ ഇഴഞ്ഞിഴഞ്ഞ് ഒരു കറുത്ത വാലിന്റെ അറ്റം അകന്നകന്നു് പോവുന്നു.

പാമ്പ്..!

"അയ്യോ..! ഓടി വരണേ..!"

നിലവിളികളാരും കേള്‍ക്കാത്ത പോലെ. മാറ്റൊലി പോലുമില്ല.

കുഞ്ഞമ്മ നിലത്തിരിക്കുകയാണു്. സഞ്ചിയുടെ കൈ പറിച്ചെടുത്ത് കാലിനു വട്ടം കെട്ടാന്‍ പല പ്രാവശ്യം നോക്കിയിട്ട് സാധിക്കുന്നില്ല.

"കുഞ്ഞാ, ഒന്നാരേയേലും ഓടിപ്പോയി കൂട്ടി വര്വോ..?" ടോര്‍ച്ച് നീട്ടിത്തന്നിട്ട് കുഞ്ഞമ്മ ചോദിച്ചു. അവര്‍ കരയുകയായിരുന്നു.

ടോര്‍ച്ച് വാങ്ങി, വന്ന വഴിയെ ഓടാന്‍ തുടങ്ങി. അവിടെ, കോര്‍ട്ടിനരുകില്‍ ആള്‍ക്കാരിപ്പോഴും ഉണ്ടാവും.ഒരുപാട് ഓടാന്‍ കഴിഞ്ഞില്ല. മുഴച്ച് നിന്നയൊരു കല്ലില്‍ തട്ടി താഴെ വീണു. ടോര്‍ച്ചും എങ്ങോട്ടോ തെറിച്ചു പോയി.എവിടെയാണു കിടക്കുന്നതെന്നറിയില്ല, പക്ഷെ ചില്ലകള്‍ക്കിടയിലൂടെ ദൂരെയുള്ള ടവറിന്റെ തലപ്പത്തെ ചുവന്ന വെട്ടം കാണാകുന്നുണ്ട്. അതു കത്തുകയും കെടുകയും ചെയ്യുന്നു.

5 comments:

Bindhu Unny said...

അയ്യോ, സങ്കടമായി. :-(

സു | Su said...

പതിവുപോലെയൊരു സങ്കടകഥ.

thomachan said...

ഏവൂരാനങ്കിളേേേേ...
ഒന്നു സഹായിക്കൂ. എന്‍റെ ഈ ഫോട്ടം പരിപാടി എല്ലാ ചേട്ടമ്മാരും ചേച്ചിമാരും അങ്കിളുമാരും കാണാന്‍ എന്നാ ഒരു വഴി?

jayanEvoor said...

ഇത് വായിക്കാന്‍ വൈകി.

പഴയ naadum, OrmmakaLum, nomparangaLum ....

അപ്പുക്കിളി said...

മനസ്സ് വിങ്ങി പൊട്ടി............