Sunday, March 07, 2010

അമ്പിളി

ആദ്യത്തെ പെട്ടി കൊണ്ട് ചെന്ന് വരാന്തയില്‍ വെച്ചു. ഇനി, രണ്ട് വലിയ പെട്ടികള്‍ കൂടി വണ്ടിയില്‍ നിന്നും ഇറക്കാനുണ്ട്.

അകത്തെ മുറിയില്‍, അരിപ്പെട്ടിക്കു മേലെ ഇത്തിരിപ്പോന്ന ഒരു ചെക്കന്‍. കറുത്ത്, മെലിഞ്ഞ്, മൂക്കളയുമൊലിപ്പിച്ച്. കൂസലേതുമില്ലാത്ത നോട്ടം, തറയില്‍ തൊടാത്ത കൊലുന്ന കാലുകള്‍ ആട്ടി രസിക്കുന്നു. അവനു മുമ്പില്‍ ഒരു പിഞ്ഞാണത്തില്‍ അവലു് വിളയച്ചിത്. ഒപ്പം തൊലിയുരിഞ്ഞൊരു ചെറു വാഴപ്പഴവും.

"അമ്മേ? ഇതേതാ..? ഈ ചെക്കന്‍..?" ചോദ്യം അവന്‍ കേള്‍ക്കാതിരിക്കാന്‍ ശ്രമിച്ചില്ല.

അടുത്തുള്ള കുറവരുടെ വീട്ടിലെ കുട്ടിയാണു്. വീട്ടിലുള്ളവര്‍ എയര്‍പോര്‍ട്ടിലേക്ക് പോയപ്പോള്‍, അമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്നതാണു്.

ഈ അമ്മേടെ ഒരു കാര്യം. അല്പ നേരം തനിച്ചിരുന്നൂന്നു വെച്ച്? നാട്ടാരേയെല്ലാം അതിനിടേല്‍ വിളിച്ച് വീട്ടില്‍ കയറ്റണോ? എന്നിട്ടു വേണം, അവരിലാരേലും കക്കാനും കൊല്ലാനുമൊക്കെ നില്‍ക്കാന്‍.!

"മധ്യവയസ്ക്കയെ കവര്‍ച്ചയ്ക്കിടയില്‍ കൊലപ്പെടുത്തി" - എത്രയോ തലക്കെട്ടുകള്‍ കണ്ടിരിക്കുന്നു. വിപത്തുകളില്‍ പലതും നാം തന്നെ വിളിച്ചു വരുത്തുന്നവയുമാണു്.

പെട്ടികള്‍ മൂന്നും മുറിയില്‍ കൊണ്ട് ചെന്നു വെച്ചു.

പുറത്തു്, അച്ഛന്‍ ടാക്സിക്കാരന്റെ കണക്കു തീര്‍ക്കുന്നു.

പല്ലിന്മേല്‍ നാവോടിച്ചു നോക്കി, തെന്നുന്നു. ജെറ്റ് ലാഗ് കണക്കിനുണ്ട് - ഉറങ്ങണോ ഉണര്‍ന്നിരിക്കണോ പല്ലു് തേക്കണോ കുളിക്കണോ - ഒന്നും തീരുമാനിക്കാനാവുന്നില്ല. ഷൂസിനുള്ളില്‍ സോക്സ് ഒട്ടിപ്പിടിക്കുന്നതു പോലെ. അടിവസ്ത്രങ്ങള്‍ മൂന്നു് ദിവസം പഴക്കമുള്ളത്; സോക്സും.

കിടക്കയിലിരുന്നു. ഹാവൂ..! എന്തൊരു സുഖം.!

അമ്മ ചായയുമായി എത്തി. രുചിയുള്ള ചായ. എത്ര നാളായി ഈ രുചിയൊന്നറിഞ്ഞിട്ട്.

വിശേഷങ്ങള്‍ പറഞ്ഞു്, ഒന്നു രണ്ട് തവണ ചായ ഊതിക്കുടിച്ചതേയുള്ളൂ, അതാ അമ്മയുടെ പിന്നിലേക്ക് ആ ചെക്കന്‍ വീണ്ടും നടന്നെത്തുന്നു. വായയ്ക്ക് ചുറ്റും അവലിന്റെ ശകലങ്ങള്‍. അവന്റെ വിരലു തൊടുന്ന ചുവരിലെയിടങ്ങളില്‍ കുമ്മായത്തിനു നനവിന്റെ നിറം മാറ്റം. ഒരു കൈ കൊണ്ടവന്‍ അമ്മയുടെ സാരിയുടെ കോന്തല എത്തിപ്പിടിക്കുന്നു.

സകല നിയന്ത്രണവും വിട്ടു.

"ഇനിയിവനെ പറഞ്ഞു വീട്ടില്‍ വിട്ടു കൂടേ..? ഇനിയുമെന്തിനാ ഇവിടെ കറങ്ങുന്നതു്..?"

അമ്മയ്ക്ക് ഉത്തരം മുട്ടി.

"അമ്പിളീ, അപ്പുറത്തേക്ക് ചെല്ല്. ചെന്നാ അവലു മുഴുവന്‍ ഒന്നു തീര്‍ത്തേ..!"

മുറി ചുറ്റിക്കാണാനുള്ള കൗതുകമടക്കി അവന്‍ മടിച്ചു മടിച്ചു പുറത്തേക്കു നടന്നു.

"ഇങ്ങനെയാണോ ചെറ്യ പിള്ളേരോട്..?" അമ്മയുടെ സ്വരത്തില്‍ പരിഭവം.

"പിന്നെ എന്തു വേണം.? ഇതിനുള്ളില്‍ വിലപിടിപ്പുള്ളതും മറ്റ് കാര്യങ്ങളുമൊക്കെയുണ്ട്. ഇതിനിടയിലൂടെ വിരവാന്‍ വിടണമെന്നാണോ..?"

"ചായ കുടിക്കു്. അവനെ ഞാന്‍ തിരിച്ച് കൊണ്ട് വിട്ടോളാം."

അതു മതി. എനിക്കൊന്നു കുളിക്കണം.

"ഇനീ എന്നാടാ അതു പോലെ കുഞ്ഞിക്കാലുകള്‍ ഇവിടൊക്കെ ഓടിനടക്കുന്നത്..?" ചോദ്യത്തിനൊടുവില്‍ അമ്മയുടെ സ്വരം നേര്‍ത്തു.

വിവാഹബന്ധം വേര്‍പെടുത്തിയെത്തിയ മകനോട് ചോദിക്കേണ്ട ചോദ്യം.

ദേഷ്യം വന്നു. ചാടിയെഴുന്നേറ്റു.

"എന്നാല്‍ കുറെ കുഞ്ഞിക്കാലുകള്‍ ഞാനിങ്ങ് വെട്ടിയെടുക്കാം.. ഇങ്ങ് വിളിയവനെ..!"

"ദോഷമുണ്ട്, നീയ്യ് അല്പം മര്യാദയ്ക്കിരിക്ക്. അവനെ ഞാന്‍ തിരിച്ച് കൊണ്ട് വിട്ടോളാം."

അമ്മ തിരിച്ചു പോയി.

മേശപ്പുറത്ത്, ചെറിയ തെങ്ങും വീടുമുള്ള ഫോട്ടോഫ്രെയിമിനുള്ളില്‍ പഴയൊരു കഥ പറയുന്ന വിവാഹ ഫോട്ടോ. പെതുക്കെ അതെടുത്തു കമഴ്ത്തി വെച്ചു.

അമ്മയ്ക്ക് വിഷമമായെന്നു തോന്നുന്നു.

വാക്കുകള്‍ ചീറിപ്പായാന്‍ തുടങ്ങിയാല്‍ പിന്നെ നിയന്ത്രണമില്ല, എന്തെല്ലാമാണു് പറഞ്ഞത്?

പോയി നോക്കാം.

ചായ വലിച്ചു കുടിച്ചു തീര്‍ത്തു. ഗ്ളാസ്സുമായി താഴേക്കിറങ്ങി.പുറത്തു്, അച്ഛനും ടാക്സിക്കാരനും ചായ കഴിക്കുന്നു, എന്തോ പറഞ്ഞ് ചിരിക്കുന്നു.

പഴയതു പോലെ, അരിപ്പെട്ടിപ്പുറത്ത് അവനിരിപ്പുണ്ട്. അമ്മ അരികത്തു്, അവനുള്ള ചായ ആറ്റിക്കൊടുക്കുന്നു.

ഒരു നിമിഷം അവര്‍ അറച്ചു നിന്നു.

ജാക്കറ്റിന്റെ പോക്കറ്റില്‍, ഫ്ളൈറ്റില്‍ കിട്ടിയ ഒരു മുട്ടായി. കൈയ്യില്‍ തടഞ്ഞതു അവന്റെ നേരെ നീട്ടി.

"ഇതാ അമ്പിളീ..!"

"വാങ്ങിച്ചോ അമ്പിളീ..!" അമ്മ പറഞ്ഞത് കേട്ടവന്‍ വിമുഖതയോടെ മെല്ലെ മെല്ലെ കൈനീട്ടിയതു വാങ്ങിച്ചു.

അവന്റെ വിരല്‍ത്തുമ്പുകളില്‍ ഉമിനീരിന്റെയോ മൂക്കളയുടെയോ നനവുണ്ടായിരുന്നു.
കണ്ണുകളില്‍ തിളക്കവും.

4 comments:

jayarajmurukkumpuzha said...

valare nannaayittundu....... aashamsakal.....

കണ്ണനുണ്ണി said...

അമ്പിളി കുട്ടന്‍ മനസ്സില്‍ തൊട്ടു

rafeekmdkm said...

kollado mashe.. ineem ezhthanam....

jayanEvoor said...

കഥ ഇഷ്ടപ്പെട്ടു.
എഴുത്തിന്റെ ഫ്രീക്വൻസി അല്പം കൂട്ടിക്കൂടേ?

(ഈ ബ്ലോഗിൽ ഫോളോവർ ഓപ്ഷൻ ഇല്ലേ?)