Sunday, October 03, 2010

കഴ

ഇതു വഴി ഇനി ഒരുപാട് വണ്ടികളൊന്നും വരാനില്ല. ഇനിയഥവാ വന്നാല്‍ത്തന്നെ അല്പം വശമൊതുങ്ങി കടന്നുപോവാനുള്ള സ്ഥലമുണ്ട്, വശത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ ഒന്നു മാറിക്കൊടുക്കണം എന്നു മാത്രം.

ചെമ്മണ്‍ റോഡിന്റെ നടുവിലാണു് കുഴികുത്തുന്നത്. എന്നിട്ടതില്‍ പതിനഞ്ചടിയോളം പൊക്കമുള്ള കഴ നാട്ടും. ചീവി മിനുസപ്പെടുത്തിയ കഴ. കഴയുറപ്പിച്ചതിനു ശേഷം ആരേലും ഒരാള്‍ ഏണി ചാരി അതിന്റെ തുഞ്ചത്ത് കയറി സഞ്ചി കെട്ടും, പിന്നെ നെയ്യൊഴിച്ച് മിനുസപ്പെടുത്തും. സഞ്ചിയില്‍ പണമുണ്ടെന്നാണു വെയ്പ്, നെയ്യാണു ഒഴിക്കേണ്ടതെന്നും. എങ്കിലും മിക്കപ്പോഴും പാമോയിലോ മറ്റോ ആവും. ഒരിക്കലോ മറ്റോ രാജന്റെ സ്കൂട്ടര്‍ വര്‍ക്ക്‌‌ഷോപ്പില്‍ നിന്നു കൊണ്ടു വന്ന പഴയ എഞ്ചിനോയിലും അവന്മാര്‍ ചേര്‍ത്തു. കിട്ടുന്ന പിരിവിനൊത്ത് ചേരുവകളുടെ ഗുണം മാറുമെങ്കിലും മല്‍സരിക്കുന്നവര്‍ അതൊന്നും കാര്യമാക്കാറില്ല. കഴകയറണം, സഞ്ചി അഴിച്ചെടുക്കണം, സമ്മാനം നേടണമെന്നല്ലാതെ വഴുവഴുപ്പുണ്ടാക്കുന്നത് എന്ത് തേച്ച് പിടിപ്പിച്ചിട്ടാണെന്നതൊന്നും അവര്‍ക്ക് വിഷയമല്ല.

മധുപാലന്‍ കഴ കയറാന്‍ ആവുന്നത് നോക്കി, മുകളിലേക്ക് പോവുന്നതിലും എത്രയോ വേഗത്തിലാണു് തെന്നിത്തെന്നി താഴോട്ടെത്തുന്നത്. മധുപാലന്‍ തോറ്റ് മാറിയപ്പോഴാണു അശോകന്‍ കയറാന്‍ വന്നത്. വെളുത്ത് തുടുത്ത ദേഹം, കോമളന്‍. തവിട്ട് നിറമുള്ള നിക്കര്‍ മാത്രം വേഷം. കഴയ്ക്ക് ചുറ്റും ഒരുവട്ടം നടന്ന് അശോകന്‍ അവിടെയുമിവിടെയും മുറുക്കാന്‍തുപ്പല്‍ ചീറ്റിച്ചു.

അവന്‍ ആടിയാടിയാണു നില്‍ക്കുന്നതു തന്നെ, അതത്ര പതിവുള്ളതല്ല.

ഓണമല്ലേ, ഒരല്പം ചാരായം അവനും കഴിച്ചിട്ടുണ്ടാവണം, കണ്ട് നിന്നവരില്‍ ചിലര്‍ പറഞ്ഞു.

കഴച്ചുവട്ടിലെ ചുവന്ന മണ്ണ് തൊട്ട് തലയില്‍ വെച്ച് അശോകന്‍ കഴ കയറാന്‍ തുടങ്ങി. അവന്റെ പേശികള്‍ അവന്‍ ആയാസപ്പെടുന്നതിനൊത്ത് മുഴച്ചു വന്നു. ചുറ്റും നിന്ന പിള്ളേര്‍ അശോകന്‍ കയറുമ്പോള്‍ പിള്ളേര്‍ ആര്‍പ്പ്‌‌വിളിച്ചു, തെന്നിയിറങ്ങുമ്പോള്‍ അവനെ കൂക്കിവിളിച്ചു.

അശോകന്‍ താഴേക്ക് തെന്നിയിറങ്ങവെ ഒരുവട്ടം തിരിഞ്ഞു പിടിച്ചു നിന്നു. മുകളിലോട്ടുമില്ല, താഴോട്ടുമില്ല.

കാഴ്ചക്കാരായ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ വല്ലാത്തൊരിളക്കം. മധുപാലന്റെ വീട്ടുകാരി, സുമയാണു ഇളക്കക്കാരി.

കഴകയറാന്‍ പാടുപെടുന്ന അശോകന്റെ വൃഷണസഞ്ചി തവിട്ട് നിക്കറിനുള്ളില്‍ നിന്നും പുറത്തേക്ക് തള്ളി‌‌നില്‍ക്കുന്നു. ബലം മാറുന്നതിനൊത്ത് അതിപ്പോ പൊട്ടുമെന്ന മട്ട്. അതു കണ്ട സുമയ്ക്ക് ഇരിക്കപൊറുതിയില്ല, ചിരിപൊട്ടുന്നു. മുതിര്‍ന്ന സ്ത്രീകള്‍ ശാസിച്ചെങ്കിലും, അവള്‍ക്ക് ചിരിയടക്കാനാവുന്നില്ല.

അശോകന്‍ ഒരു വിധത്തില്‍ അള്ളിപിടിച്ചിരിക്കുന്നു. തന്റെ വൃഷണദ്വയങ്ങള്‍ ചെറിയ നിക്കറിനു പുറത്തേക്ക് തള്ളി നില്‍ക്കുന്നതവന്‍ അറിയുന്നുണ്ടോ?

സുമ വെളുത്ത് സുന്ദരിയാണു. ഒത്ത ദേഹം, ഒത്ത നീളം, പകുത്തു ചീകിയ തലമുടി. ഒന്നു പെറ്റതാണെന്നു പറയുകയില്ല.

"അശോകാ, എറങ്ങി വാടാ...!" ആള്‍ക്കാര്‍ ഇറങ്ങിവരാന്‍ പറഞ്ഞതൊക്കെ അവഗണിച്ച് അശോകന്‍ അതേയിരിപ്പ് തുടര്‍ന്നു. ഇടയ്ക്കിടെ അവന്‍ ചുവന്ന മുറുക്കാന്‍ തുപ്പല്‍ ചീറ്റിച്ചു.

അവനൊരു വട്ടം കൂടി കഴയ്ക്ക് ചുറ്റും തിരിഞ്ഞു. ആള്‍ക്കാര്‍ ചിരിച്ചു തുടങ്ങി.

കഥയറിയാതെയാണെന്നു തോന്നുന്നു, അശോകനും പൊക്കത്തിലിരുന്നു് പല്ലിളിച്ചു.

സുമ എഴുന്നേറ്റ് വാപൊത്തി ചിരിച്ചുകൊണ്ടോടി. പോകുന്ന വഴിക്ക് അശോകനെ ഒന്നു കടാക്ഷിക്കാനുമവള്‍ മറന്നില്ല.

മധുപാലന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. അവന്റെ നിയന്ത്രണം വിട്ടു.

"ഇറങ്ങിവാടാ പന്നത്തായോളീ..!" മധുപാലന്‍ ചീറിച്ചെന്നു് അശോകനെ ചാടി പിടിച്ചിറക്കാന്‍ നോക്കി.

അവന്റെ കൈയ്യില്‍ത്തടഞ്ഞത് അശോകന്റെ നിക്കറും മറ്റുമാണു്.

പ്രാണവേദനയാലെ അശോകന്‍ ഊര്‍ന്നിറങ്ങി. നിലം തൊടുന്നതിനു മുമ്പേ തന്നെയവന്‍ മധുപാലന്റെ കൊരവള്ളി ഞെരിക്കാന്‍ തുടങ്ങി.

2 comments:

M@mm@ Mi@ said...

valare yadrishchilamayi ivide ethipettu...ella post-ukalum vayichu kazhinju...nalla shaili...enthe mikkavarum ella postukalilum oru 'negativism'?ellam sad ending aakanamennu nirbandhamo?but,i really really liked the presentation.churungiya vakkukalil pettennu kadha parayunna rethi...vayanakkare mushippikkilla...waiting for many more posts

Semerkand Tv İzle said...

wow ı dont understand anything :)