Tuesday, December 21, 2010

എല്ല്

ഫോണ്‍ കട്ടായി. സംസാരിച്ചു കഴിഞ്ഞിട്ടുമില്ല.

തത്ക്കാലം രക്ഷപെട്ടു. ഇനിയവന്‍ വിളിക്കാതിരിക്കട്ടെ..!

കൈയ്യിലിരുന്ന റിസീവര്‍ തിരികെ എറിഞ്ഞു, യഥാസ്ഥാനത്ത് ചെന്ന് ചേരുമെങ്കിലാവട്ടെ എന്നു കരുതി. അതാവട്ടെ, മേശയ്ക്കും ഭിത്തിക്കുമിടയിലുള്ള വിടവിലൂടെ താഴോട്ട് വീണു, തറയിലടിച്ചു നിന്നു.

സാരമില്ല, കാലിട്ട് തട്ടിയെടുക്കാവുന്നത്ര ദൂരത്തിലായിരിക്കേണമേ..

അല്ലല്ല, ഒരുപാടങ്ങ് ഉള്ളിലാണ്‌.

നാശം..!

തൊടുന്നതെല്ലാം പാളുകയാണോ? കുനിഞ്ഞെടുക്കുകയേ ഇനി നിവൃത്തിയുള്ളൂ.

ആയാസപ്പെട്ട് കുനിഞ്ഞു. വയറിപ്പോള്‍ പൊട്ടുമെന്ന മട്ട്. വായിലേക്ക് വയറിന്‍റെ അന്തരാളങ്ങളില്‍ നിന്നും വെളുത്തുള്ളിയുടെ മണം തള്ളിക്കേറി വന്നു.

ഉച്ചയ്ക്ക് നല്ലൊരൂണായിരുന്നു, മനസ്സിലോര്‍ത്തു.

മേശയ്ക്കടിയില്‍ ഒരു സമാന്തര ലോകം തന്നെയുണ്ട്. പലപ്പോഴായി താഴെവീണ സാധനങ്ങള്‍ കുറേയുണ്ട്. ഒന്ന് രണ്ട് മൊട്ട്സൂചികളും, സൂക്ഷിച്ച് അവ പെറുക്കി അടുത്തുള്ള ട്രാഷ് ക്യാനിലിട്ടു, അവ കൊണ്ടിനി ആരുടെയും കാല്‌ തുളയണ്ട.

ആരോ പണ്ടെപ്പോഴോ തിന്ന ചിക്കന്‍ വിങ്ങ്സിന്‍റെ ബാക്കി, ഒരെല്ല് കണ്ണില്‍ പെട്ടു. ഒരറ്റത്ത് ഒരല്‍പം മാംസം ഉണങ്ങിപ്പിടിച്ചിരിക്കുന്നു.

അതു വീണു കിടന്ന സ്ഥലത്ത് കാര്‍പ്പെറ്റിനൊരു ചെറിയ നിറം‍മാറ്റം, കണ്ണെടുത്തിട്ട് രണ്ടാമതൊന്നു നോക്കിയാല്‍ കാണാനാവാത്ത തരം മങ്ങല്‍.

ഡിസ്ഗസ്റ്റിങ്ങ്! ആപ്പീസ് വാക്യൂം ചെയ്യാന്‍ വരുന്ന മെക്സിക്കന്‍ സ്ത്രീ ഇരമ്പുന്ന ആ മെഷീനും വലിച്ചു കൊണ്ട് എന്നും വൈകുന്നേരങ്ങളില്‍ പിന്നെ എന്തു ചെയ്യുകയാണ്‌?

എഴുന്നേറ്റു.

ഫോണ്‍ റിസീവര്‍ പതുക്കെ അതിന്‍റെ സ്ഥാനത്ത് തിരികെ വെച്ചു. ഇന്നിനിയാരും വിളിക്കാതിരിക്കട്ടെ. പ്രത്യേകിച്ചും മുമ്പ് വിളിച്ചയാള്‍..!

കൈയ്യിലപ്പോഴും ആ എല്ലിന്‍തുണ്ടം, ഒരു പേപ്പര്‍ നാപ്കിനു പുറത്തേക്ക് അതു വെച്ചു. ഉണങ്ങി നടുഭാഗമൊക്കെ വെളുത്തിരിക്കുന്നു, അറ്റങ്ങളില്‍ മാത്രം അല്‍പം തവിട്ടു നിറം.

ഇതാരു കഴിച്ചതിന്‍റെ ബാക്കിയാവും? ഈ വശത്ത്, ഈ മേശയും ഉപയോഗിച്ച് ഇവിടീയിരിപ്പ് തുടങ്ങിയിട്ട് അധികനാളായിട്ടില്ല. ഒന്ന്‍ രണ്ട് തവണ ചിക്കനും മറ്റും ഇവിടിരുന്ന് കഴിച്ചിട്ടുമുണ്ട്.

അല്ലെങ്കില്‍ മുന്നേ ഇവിടെ ഇരുന്നവരാരെങ്കിലും ശേഷിപ്പിച്ചതാവും. അല്ലെങ്കില്‍ വല്ല എലിയോ മറ്റോ എവിടുന്നേലും കൊണ്ടുവന്നിവിടെ ഇട്ടതാവണം.

ഈ കോഴിയുടെ ബാക്കിയൊക്കെ ആരു തിന്നു കാണും? അതിന്‍റെ പപ്പും പൂടയുമൊക്കെ എവിടെയാവും? പൂവനായിരുന്നോ, അതോ പിടയായിരുന്നോ? ഹോര്‍‍മോണ്‍ കയറ്റി റെഡിയാക്കിയ കോഴിയാവാനാണ്‌ സാധ്യത.

"എവരി തിങ്ങ് ടേസ്റ്റ്സ് ലൈക്ക് ചിക്കന്‍.." - എല്ലാറ്റിനും ചിക്കന്‍റെ രുചിയാണെന്ന്, ദിനോസറുകളെ പറ്റിയുള്ള ഒരു പ്രോഗ്രാമില്‍ കേട്ടതാണ്‌.

പട്ടിയിറച്ചിക്കും മുതലവാലിനും എന്തിന്‌, മനുഷ്യശരീരത്തിനു പോലും ചിക്കന്‍റെ രുചിയാണെന്ന്. പച്ചയിറച്ചിയുടെയെല്ലാം രുചി ഒന്ന് തന്നെയല്ലെന്ന് എങ്ങിനെ പറയാന്‍ പറ്റും? കഴിക്കാത്ത ഏതെല്ലാം ജീവികള്‍ ബാക്കിയുണ്ട്. അതിനിട വരാതിരിക്കട്ടെ, ദൈവമേ..!

കോഴിയുടെ ഒരു വകഭേദം എന്നെങ്കിലും മൂത്തതാവാം ദിനോസര്‍. അല്ലെങ്കില്‍, ദിനോസറിന്‍റെ ഏതേലുമൊരു വകഭേദം ശുഷ്കിച്ചതാവാം ഇന്നത്തെ കോഴി.
ആര്‍ക്കും വലിയ ഗൌനമില്ല എന്നേയുള്ളൂ, എന്നാലും കോഴി ഒരു ഭീകരരൂപിയാണ്‌. നല്ല ദഹനശേഷിയും.

പക്ഷെ, കോഴീ, നിന്നെ തിന്നാതെ ഞാനെന്തു ചെയ്യും? സ്പൈസസ് ഒക്കെ പിടിച്ചു കഴിഞ്ഞാല്‍ നിന്‍റെ മാംസത്തിനു എന്തു രുചിയാണെന്നോ?

ആത്മസംഘര്‍ഷത്തിലേക്കാണല്ലോ ഈ നശിച്ച എല്ലിന്‍ തുണ്ടം കൊണ്ടു പോവുന്നത്?

പകരം, പരിണാമത്തിന്‍റെ ഏതേലും അറ്റത്ത്, എന്‍റെ ഇറച്ചിയും നിനക്ക് രുചിക്കാനിടയാവട്ടെ. അന്ന് ഞാന്‍ കെഞ്ചിയാലും, നിനക്ക് അനുകമ്പ തോന്നിയാലും നീയത് രുചിക്കാതെ വിടരുത്.

ഫോണ്‍ വീണ്ടും അടി തുടങ്ങി.

എല്ലെടുത്ത് ട്രാഷിലിട്ടു.

നമ്പര്‍ ഡിസ്പ്ലേയില്‍ കണ്ടു, മുമ്പേ സംസാരിച്ചയാള്‍ തന്നെയാണു, കട്ടായത് കൊണ്ട് രണ്ടാമത് വിളിക്കുകയാണ്‌.

ഭാഗ്യം.!

No comments: