Tuesday, April 12, 2011

കാള

ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

നട്ടുച്ച സമയം, സൂര്യന്‍ കത്തി ജ്വലിക്കുന്നു. അവന്റെ കക്ഷത്തിലെ വിയര്‍പ്പിന്റെ പുളിഞ്ഞ മണം. തലയൂരാന്‍ കുതറുന്നതിനിടയില്‍ മുഖത്തും ചുണ്ടുകളിലുമെല്ലാം അവന്റെ വിയര്‍പ്പിന്റെ നനവു്.

ശ്രമിച്ചിട്ടും തലയൂരാനായില്ല. വയസ്സിലവന്‍ അഞ്ചാറു വര്‍ഷത്തിനു മുതിര്‍ന്നതാണു്. ശക്തിചോര്‍ന്ന കൈകളാലെ അവനെ ഇടിക്കാന്‍ വെറുതെയാഞ്ഞാഞ്ഞ് ശ്രമിച്ചു നോക്കി. രക്ഷയില്ല.

ചുറ്റും പിള്ളേര്‍ കൂടി നില്‍ക്കുന്നു. അവന്‍, മറുകൈയുടെ മുട്ട് മടക്കി പുറത്തിനിട്ട് ആയത്തോടെ ഇടിക്കാനും തുടങ്ങി.

"കാള ബിജൂ, മതിയെടാ..! ഇനി വിടവനേ..!" ആരൊക്കെയോ വിളിച്ച് കൂവുന്നു.

ആരോ ഒടുവില്‍ ടീച്ചേര്‍സ് റൂമില്‍ ചെന്ന് വിവരമറിയിച്ചിട്ടുണ്ടാവണം, ഒരു ചൂരല്‍ പുളയുന്നു. അഞ്ചാറ് പ്രാവശ്യം സാറ് വീശിയടിച്ചത് ഒന്ന് രണ്ട് തവണ എന്റെ കാലിലും വീണു.

ഒടുവിലവന്‍ പിടി വിട്ടു.

കീഴ്‌‌ചുണ്ട് പൊട്ടിയിട്ടുണ്ട്, വായിലാകെ ചോര. കുറേ തുപ്പിക്കളഞ്ഞു. ബട്ടണ്‍സൊക്കെ പൊട്ടിയ ഷര്‍ട്ട്.

അവനാകട്ടെ, വലിയ കുഴപ്പമില്ല, ജ്വലിച്ച് നില്‍ക്കുന്നു.

അടിപിടി കൂടിയതിന്റെ കാരണം തേടിയുള്ള വിസ്താരം കാണാനും പിള്ളേര്‍ ചുറ്റും തിക്കുന്നു.

സീറ്റ് ഊരിമാറ്റിയ സൈക്കിള്‍ അവന്‍ സാറിനെ കാണിക്കുന്നു. ചൂരല്‍ വടി കൊണ്ട് വീണ്ടും ആംഗ്യം വായുവില്‍.

ഇടിയിത്രയും കൊണ്ടിട്ടും...

"ഡാ..! ഇവന്റെ സൈക്കിളിന്റെ സീറ്റെവിടാടാ..?!"

ഇത്രയും അവന്‍ പെരുമാറിയതല്ലേ, ഇന്നവന്‍ സീറ്റില്ലാതെ വീട്ടില്‍ പോയാല്‍ മതി.

"എനിക്കറിയത്തില്ല സാര്‍..!"

ഉള്ളില്‍ ചിരി പൊന്തുന്നുണ്ടായിരുന്നു, അതല്പം വെളിയിലേക്കും തുളുമ്പി വന്നു. നാലഞ്ചടിയും, രക്ഷിതാവിനെ വിളിച്ചോണ്ട് വരാനുള്ള ഓര്‍ഡറും കൂടൊത്തു. ഇനിയിത് വീട്ടില്‍ ചെന്ന് പറയുമ്പോള്‍ ബാക്കിയുള്ളത് അവിടുന്നും കിട്ടും.

അവനും കിട്ടി ഇതേ പോലൊരു ശിക്ഷാവിധി, അങ്ങനെ ഒരാശ്വാസം മാത്രമുണ്ട്.

പച്ചപ്പോള പടര്‍ന്നു നില്‍ക്കുന്ന കുളത്തിലേക്ക് ഉച്ചയ്ക്കാണു് അവന്റെ സൈക്കിള്‍ സീറ്റ് വലിച്ചെറിഞ്ഞത്. ഇങ്ങനൊക്കെ വരുമെന്ന് അപ്പഴേ തോന്നിയിരുന്നു.

എന്നാലും വേണ്ടില്ല..!

എന്റെ സൈക്കിളിന്റെ വീലു് കഴിഞ്ഞയാഴ്ച അവനൂരി മാറ്റി. പകരം, അവന്റെ സീറ്റ് ഇന്നു് ഞാനും.

ഒരിക്കല്‍ കൂടി ഇന്‍ബോക്സിനുള്ളിലേക്ക് ചെന്നു. സജീവന്റെ ഈമെയില്‍ മുകളില്‍ തന്നെയുണ്ട്.

ഒറ്റച്ചന്തി സജീവന്‍ ബാംഗ്ളൂരില്‍ നിന്നും നാല്‍പ്പത്തിമൂന്ന് മിനിറ്റ് മുമ്പ് എഴുതിയ ഈമെയില്‍.

ബിജു തോമസ് രണ്ട് മാസം മുമ്പ് അലഹാബാദില്‍ കിടന്ന് മരിച്ചു പോയീന്ന് തന്നെയാണവന്‍ എഴുതിയിരിക്കുന്നത്.

No comments: