Thursday, June 02, 2011

ചെക്ക്പോയിന്റ്

കുറേ നേരമായിട്ട് സെല്‍ഫോണ്‍ ഉണരുവാനുള്ള സമയമായി എന്നറിയിക്കുന്നു. അതിനെ അവഗണിച്ച് പതിവു പോലെ ചുരുണ്ടി കൂടി കിടന്നു.

"ഓഹ്! എഴുന്നേല്‍ക്കാനല്ലെങ്കില്‍ പിന്നെ എന്നുമെന്തിനാ ഈ കുന്തം വെയ്ക്കുന്നത്..?"

അവള്‍ അലോസരപ്പെട്ട് കിടക്കയില്‍ നിന്നുമെഴുന്നേറ്റ് പോയി, സെല്‍ഫോണിന്റെ അലര്‍ച്ചയെ ഈര്‍ഷ്യയോടെ കുത്തിക്കുത്തി നിര്‍ത്തലാക്കി.

നീലപ്പൂക്കളുള്ള വിരിപ്പിന്റെ അങ്ങേ വശത്തിനു അവളുടെ ചൂട് ബാക്കിയുണ്ട്. അതിനു മേലോട്ട് ഡയഗണലായിട്ട് പരന്നു കിടന്നു.

പതിവിനു വിപരീതമായി, സൂര്യപ്രകാശമുള്ള പ്രഭാതം. നാലു് ദിവസമായിട്ട് ചിറുപിറാന്ന് പെയ്യുന്ന മഴ നിന്നത് ഇന്നലെ രാത്രിയിലാണു്. കിടപ്പു് മുറിയുടെ ജനാലയിലൂടെ അപ്പുറത്തെ കിന്നിന്‍പുറത്ത് വളരുന്ന മേപ്പിള്‍ മരങ്ങളുടെ ഇടതൂര്‍ന്ന പച്ചപ്പ്. ചെവി കൂര്‍പ്പിച്ചാല്‍, ഫാനിന്റെ ശബ്ദത്തിനിടയിലൂടെയും ചെറിയ കിളികളുടെ ശബ്ദം അരിച്ച് വരുന്നതറിയാം.

നല്ല ഉഷാറ് തോന്നുന്നു. എന്തൊരു നല്ല ദിവസം..!

നാട്ടില്‍ അച്ഛനു അസുഖം കുറവുണ്ട്. അനുജന്റെ പരീക്ഷകള്‍ എളുപ്പമായിരുന്നു എന്നവന്‍ എഴുതിയിരുന്നു. ഇന്നലെ അനന്തരവളെ പാര്‍ക്കിലും കൊണ്ട് പോവാനായി.

റ്റുഡേ ഈസ് ഗോയിങ്ങ് ടു ബി ഏ ഗുഡ് ഡേ..!

ഒന്നല്ലെങ്കില്‍ മറ്റെന്തെങ്കിലും അല്ലലില്ലാതെ എത്ര ദിവസങ്ങളാണു് ഇങ്ങനെ തുടങ്ങാനായിട്ടുള്ളത്?

തലയിണക്കിടയിലെ വേദപുസ്തകത്തില്‍ കൈ തടഞ്ഞു. ദൈവമേ, ഇങ്ങനെയൊരു നല്ല ദിവസം തന്നതിനു നിനക്ക് ഞാന്‍ നന്ദി പറയുന്നു.

ഒരു നിമിഷമെടുത്ത് ഈ നിമിഷത്തെ ഞാനൊന്ന് ചെക്ക്‌‌പോയിന്റ് ചെയ്തോട്ടെ. ഗെയിം ഭ്രാന്തിന്റെ ദിവസങ്ങളില്‍ നിന്നും നേടിയ ശീലം. ലിവിങ് ഇന്‍ ദ മൊമെന്റ്!

ഇതു പോലെ ചെക്ക്‌‌പോയിന്റുകള്‍ സേവ് ചെയ്ത ദിവസങ്ങളും കുറവാണു. സമയം മോശമായതു കൊണ്ടല്ല - ഇങ്ങനെ ദീര്‍ഘമായി അവലോകനം ചെയ്യാനുമൊന്നും സന്ദര്‍ഭം ഒത്ത് വരാറില്ല തന്നെ.

എഴുന്നേല്‍ക്കട്ടെ, അല്ലെങ്കില്‍ ആപ്പീസിലെത്താന്‍ വൈകും.
കുളിച്ച് ഒരുങ്ങിയിറങ്ങി.

തുടക്കത്തില്‍ സുഗമമായിരുന്ന ട്രാഫിക് പെട്ടെന്നു് വികൃതമായി. ബമ്പര്‍ റ്റു ബമ്പര്‍ ട്രാഫിക്കിനിടയില്‍ ഞെരുങ്ങി നീങ്ങവേ സെല്‍ഫോണടിച്ചു.

അവളാണു്, കോള്‍ എടുത്തു.

ടെസ്റ്റ് റിസള്‍ട്ടുമായി ഡോക്ടറിന്റെ ഓഫീസ് വിളിച്ചിരുന്നൂന്ന്.

മറുതലയ്ക്കല്‍ അവള്‍ കരയുകയാണു്.

ഒന്നും പറയാനില്ല, ഫോണ്‍ ഡിസ്‌‌കണക്റ്റ് ചെയ്തു.

കണ്ണു് നിറഞ്ഞ് നിറഞ്ഞു വരുന്നു. ഇനി അതു മതി എവിടേലും ചെന്നിടിക്കാന്‍.!

രാവിലത്തെ ചെക്ക്‌‌പോയിന്റ് ഓര്‍മ്മ വന്നു.

ചെക്ക്‌‌പോയിന്റ്! തേങ്ങാക്കൊല!

ജിങ്സ്ഡ്! അതും ഇങ്ങനെ!

"യൂ ഫക്കിങ്ങ് ആസ്‌‌ഹോള്‍, യൂ ഹാഡ് റ്റു ഫക്ക് ഇറ്റ് ഓള്‍ അപ്പ്.! ഡിഡ്ന്റ് യൂ..!?"

മേഘങ്ങളകന്ന നീലനിറമുള്ള ആകാശത്തേക്ക് നോക്കി അലറാതിരിക്കാനായില്ല!


ചെക്ക്‌‌പോയിന്റ്,checkpoint - checkpoints are locations in a computer or video game where a player's status is saved. more

No comments: