Monday, July 11, 2011

റ്റാരോ

മലകള്‍ തമ്മില്‍ ചേരുന്നിടത്തെ വിടവിലാണു് പാടങ്ങളുള്ളത്. ചിലയിടങ്ങള്‍ അപ്പുറവും ഇപ്പുറവുമായി മാത്രം മലകളുള്ളപ്പോള്‍ മറ്റ് ചിലയിടങ്ങളില്‍ മൂന്നും നാലും മലകള്‍ക്കിടയിലാവും വിസ്തൃതിയേറിയ വയലുകള്‍ പരന്നു കിടക്കുന്നത്. എന്തു വീതിയുണ്ടെന്ന് ചോദിച്ചാല്‍ ദാ ഇത്രയും വീതിയെന്നു നിങ്ങള്‍ കണ്ടറിയേണ്ട കാര്യമാണു. മീറ്റര്‍ കണക്കും ഫീറ്റും ഒന്നും കഥയ്ക്ക് വഴങ്ങാത്തതിനാല്‍, മറ്റൊരു രീതി നോക്കട്ടെ: ഒരു സാരി നിവര്‍ത്തി ഒരറ്റം മുതല്‍ അതിന്റെ മറ്റേയറ്റം വരെ വലിച്ചു പിടിച്ചാലുള്ള നീളമില്ലേ? ചിലയിടങ്ങളില്‍ വീതി നാലു സാരിയുടെ നീളം. മറ്റ് ചിലയിടങ്ങളില്‍ കുറുകെ എത്ര സാരി പിടിച്ചാലാവും അളക്കാനാവുക?

പരന്നും കുറുകിയും വയല്‍പാടങ്ങള്‍, മലകള്‍ ഇഴചേരുന്നിടങ്ങളിലെല്ലാം പരന്നു പരന്നു കിടക്കുന്നൂവെന്ന് സാരം.

വയലുകളെന്നു പറയാനാവുമോ? ഒരു സമയത്ത് ഇവിടങ്ങളില്‍ നെല്ലും വിളകളും തഴച്ചു വളര്‍ന്നതിന്റെ ഓര്‍മ്മയുണ്ട്. താഴെ തോട്ടിറമ്പില്‍ കൊയ്തു് കെട്ടിവെച്ചിരിക്കുന്ന കറ്റകള്‍ ദുര്‍ഘടമായ കയറ്റം താണ്ടി കൊയ്ത്തുകാര്‍ മുകളില്‍ കൊണ്ടു വന്നിടും. കമ്പം കയറി കറ്റകള്‍ ഞാനും ചുമന്നിട്ടുണ്ട്. അരിവാളോടി മുറിഞ്ഞ തണ്ടുകളിലൂടെ വിളഞ്ഞ നെല്‍ത്തണ്ടകളുടെ സുഖകരമായ മണവും, നെല്ലിലയുടെ അരവും, കറ്റകളില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തുള്ളികളുടെ അത്ര സുഖകരമല്ലാത്ത തണുപ്പും.

തഴമ്പായ കെട്ടി കളമൊരുക്കി കറ്റ ചവിട്ടി മെതിച്ച് പാറ്റി, ആകെക്കൂടെ നല്ല രസം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ രാവേറുന്ന വരെയും ഇതൊക്കെയുണ്ടാവും. ഇതെല്ലാം കണ്ട് ഒരു കോണിലിരുന്നു് ഉറങ്ങിപ്പോയിട്ടുണ്ടാവും. രാവിലെ നോക്കുമ്പോള്‍ മുറ്റവും പറമ്പുമെല്ലാം ഉണക്കാനിട്ടിരിക്കുന്ന കച്ചി ഇടയ്ക്കിടെ ഇളക്കിയിടാന്‍ നല്ല നീളമുള്ള പേരക്കമ്പുകളുമായി വല്യപ്പനും കൂട്ടരും.

കച്ചി ഉണക്കാനിട്ടാല്‍, കോഴികള്‍ക്ക് ഖൊശിയായി. ചിക്കിയും പരതിയും അവ ഇനിയും അടര്‍ന്ന വീഴാഞ്ഞ നെല്‍മണികള്‍ കൊത്തിത്തിന്നുന്നു. ചിലപ്പോള്‍ പച്ച മേഘം പറന്നിറങ്ങുന്ന പോലെ തത്തകളും വന്നു് ബഹളമുണ്ടാക്കി കടന്നു പോവും.

ഇവിടൊക്കെ കൃഷി നിന്നിട്ട് എത്ര നാളായിരിക്കുന്നു. കൊയ്ത്തുകാരായിട്ടും മറ്റുമുണ്ടായിരുന്നവര്‍ കാലക്ഷേപം ചെയ്തിരിക്കുന്നു. അവരുടെ പിന്‍മുറക്കാരാവട്ടെ, കൂടുതല്‍ വരുമാനമുള്ളതും ഇത്രയും ആയാസമില്ലാത്തതുമായ മറ്റി ജോലികള്‍ നിത്യവൃത്തിക്കായി സ്വീകരിച്ചിരിക്കുന്നു. ചെറുപ്പക്കാരില്‍ ചിലര്‍ ജോലികള്‍ക്കായി വിദേശത്തേക്കും മറ്റിടങ്ങളിലേക്കും പോയിട്ടുമുണ്ട്. കൃഷി ചെയ്യുകാന്നുള്ളത് ചെലവേറിയ ഒരു പ്രക്രിയയായി മാറി. ഒരു തവണ നെല്ലിറക്കാനുള്ള ധനമുണ്ടെങ്കില്‍ ഒരു വര്‍ഷം സുഭിക്ഷമായി അരി കടയില്‍ നിന്നും കാശ് കൊടുത്ത് വാങ്ങിക്കഴിയാമെന്നായി.

വര്‍ഷങ്ങള്‍ അങ്ങനെ പോയി. ഇന്നിപ്പോള്‍ വയല്‍പാടങ്ങള്‍ എന്നു പറയുന്നത് നീതിയല്ല. മലകള്‍ക്കിടയില്‍ ചതുപ്പ് പരന്നു കിടക്കുന്നു എന്നതാവും കൂടുതല്‍ യോജിക്കുന്നത്. ചതുപ്പില്‍, ഇടതൂര്‍ന്ന് ചേമ്പു് വളരുന്നു. ഒരു കാറ്റടിക്കുമ്പോള്‍ എത്ര ചേമ്പിലകളുണ്ടാവും തലയാട്ടാന്‍?

മഞ്ഞപ്പശു ഒരിക്കല്‍ പെറ്റത് അവധിക്ക് വന്നപ്പോഴാണു്. സാധാരണ പശുവും ആടുമൊക്കെ പ്രസവിക്കുമ്പോള്‍ കുട്ടികളെ ആ പ്രദേശത്തു് നിന്നു തന്നെ നിഷ്ക്കാസനം ചെയ്തിരുന്നു. അത്തവണ, എന്തോ, ക്ടാവിനെ കാണാനും തൊടാനുമൊക്കെ അനുവാദം കിട്ടി, മുതിര്‍ന്നതു കൊണ്ടാവണം. വലിയ കൊട്ടയില്‍ വാഴയില നിരത്തി തള്ളപ്പശുവിന്റെ മാച്ചും മറ്റും തലച്ചുമടായി കൊണ്ടു വന്നു് ദാ ഇവിടെ എവിടെയോ ആയിരുന്നു കുഴിച്ചിട്ടത്. ഏകദേശം ഊഹം പറയാമെന്നേയുള്ളൂ, തൂര്‍ന്ന പച്ചപ്പോടെ ചതുപ്പില്‍ ചേമ്പിലകള്‍ അവിടെ അടയാളമായി വരമ്പുകള്‍ ചേരുന്നിടം കാഴ്ചയില്‍ നിന്നും മറച്ചു പിടിക്കുന്നു.

ചേമ്പിന്റെ തണ്ട് കൂട്ടാന്‍ വെയ്ച്ച് കഴിച്ചിട്ടുണ്ട്. സെലറിയെക്കാളും നന്ന്, രുചിയും ഭേദം. ഒരു വിമാനയാത്രയില്‍ ലഘുഭക്ഷണത്തിനായിട്ട് ഒരിക്കല്‍ കിട്ടിയത് റ്റാരോ ചിപ്സാണു്. ചേമ്പിന്റെ കിഴങ്ങ് ചെറിയ പാളികളായി അരിഞ്ഞ് കറുമുറെ വറുത്തെടുത്തതിനു നല്ല രുചിയുണ്ടായിരുന്നു.

തിരികെ നടക്കുമ്പോള്‍ പാതയോടടുത്ത് ചതുപ്പില്‍ നിന്നും ഒരൂക്കന്‍ ചേമ്പ് ആയാസപ്പെട്ട് പിഴുതെടുത്തു. ചേറു് മൂടിയ അടിഭാഗം തോട്ടിലെ വെള്ളത്തിലിട്ട് ഉലച്ചു. മുഴപ്പുള്ള കിഴങ്ങാണു, അതു പൊട്ടിച്ചെടുത്തു. തലപ്പ് തിരിയെ ചതുപ്പിലേക്കെറിഞ്ഞു കളഞ്ഞു. ഒഴുകുന്ന വെള്ളത്തില്‍ കുന്തിച്ചിരുന്നു് കിഴങ്ങ് കഴുകി വൃത്തിയുള്ളതാക്കി.

ഇത്രയും വലിപ്പമുള്ളവ ഇനിയും ഈ ചതുപ്പില്‍ ഒരുപാടുണ്ടെങ്കില്‍, ഒരു റ്റാരോ ചിപ്സ് കമ്പനിയുണ്ടാക്കിയാലോ? ഇവനെ അരിഞ്ഞ് സണ്‍ഫ്ളവര്‍ എണ്ണയിലോ മറ്റോ മൊരിച്ചെടുത്ത് പകിട്ടുള്ള കവറിനുള്ളിലാക്കി വിറ്റാല്‍ ഒരു പക്ഷെ ഹിറ്റായേക്കും. എന്നാലോ, തൊഴില്‍ സമരം, കറന്റ് ക്ഷാമം. വിളവെടുക്കാന്‍, ഈ ചതുപ്പിലാഴ്ന്ന് കിടക്കുന്ന തുണ്ടുകളുടെ ഉടമസ്ഥരാരോക്കെ എവിടൊക്കെയാവും?

ചേമ്പ് പൊട്ടിയയിടത്തെ കൈവെള്ള ചൊറിയുന്നുണ്ട്. ചൊറിയന്‍ ചേമ്പാണെങ്കില്‍ ആരേലും ആ ചിപ്സ് കഴിക്കുമോ?

തോട്ടില്‍ നിന്നു കൊണ്ടു തന്നെ കിഴങ്ങ് ആയത്തില്‍ ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു. അത് ചെന്നു് വീണിടത്തെ ചേമ്പിലകള്‍ക്ക് തെല്ലുനേരത്തെ തലയാട്ടം. കുതിച്ചൊഴുകുന്ന തെളിവെള്ളത്തില്‍ കാലും കൈയ്യും മുഖവും കഴുകിയിട്ട് പണ്ട് കറ്റ ചുമന്ന് പോയ വഴിയുടെ ദുര്‍ഘടമായ ബാക്കിയിലൂടെ മുകളിലേക്ക് തിരികെ നടന്നു തുടങ്ങി.

പിന്നില്‍, പരന്നു കിടക്കുന്ന ചതുപ്പ്. മറഞ്ഞു പോയ ഒരു ജനതയ്ക്ക് അന്നമേകിയ തുണ്ടങ്ങള്‍ ഒരോന്നിനും ഓരോരോ കഥകള്‍ പറയാനുണ്ടാവും. അവയെല്ലാം ഒരറ്റം മുതല്‍ എവിടെയോ ഉള്ള മറ്റേയറ്റം വരെ പച്ച നിറമുള്ള വിസ്മൃതിയില്‍ പൂഴ്ന്നു് കിടന്നു.

No comments: