Monday, January 16, 2012

ഉഷ

 "നിങ്ങള്‍ രണ്ട് പേരും  പോയി നടന്നിട്ട് വരൂ...!" താര  റൂമിലേക്ക് കയറി.

വേലിക്കപ്പുറം  ഒരു റോഡ്. അതിനുമപ്പുറം  ഉള്‍ക്കടലില്‍ വെള്ളം  മടി പിടിച്ചു കിടകുന്നതു പോലെ നിശ്ചലം. ഇടയ്ക്കിടെ കൊറ്റികളോ പെലിക്കണുകളോ ഒക്കെ  പറന്നിറങ്ങുകയും പോവുകയും  ചെയ്യുന്നുണ്ട്. എന്നിട്ടും  അനക്കമില്ലാത്ത വെള്ളത്തില്‍ ആകാശത്തിന്റെ ഊതനിറമോടിയ പ്രതിഫലനം.

ഗൗര്‍ദീപിന്റെ ജീന്‍സിനു ഇറക്കം  പോര. ഷൂവിനുള്ളിലെ വെളുത്ത സോക്സ് തെളിഞ്ഞു കാണാം, അവനോരോ ചുവടു വെയ്ക്കുമ്പോഴും.

അവനോട് ചോദിക്കേണ്ട ചോദ്യം  മനസ്സില്‍ കിടന്ന് ഇരമ്പുന്നുണ്ട്. ഓരോ തവണയും  തള്ളലില്‍ ചോദിച്ചാലോ എന്ന ഭാവം പണിപ്പെട്ടാണു ഞാനടക്കുന്നത്.

ഇതിനു മുമ്പ് അലക്സാണ്ട്രിയ എന്ന സ്ഥലത്താണു ഗൗര്‍ദീപിനോടൊത്ത് ഞങ്ങള്‍ സമയം  ചെലവഴിച്ചത്. ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ്.  അന്ന്, ഉഷയും  അവനോടൊപ്പം  ഉണ്ടായിരുന്നു. അവര്‍ പുതിയ ജോടികള്‍. താരയും  ഞാനുമാവട്ടെ അന്നു് വിവാഹം  കഴിച്ചിട്ടില്ല. ഞങ്ങളോടൊപ്പം അന്നു താരയുടെ അനുജത്തിയും കൂടെക്കൂടിയിരുന്നു. തേര്‍ഡ് വീലായിട്ട് തന്നെയായിരുന്നു അന്നൊക്കെ അഞ്ജുവിന്റെ പെരുമാറ്റം.

അലക്സാണ്ട്രിയയിലെ കൗതുകങ്ങള്‍ കണ്ട് നടക്കുമ്പോള്‍ വഴുവഴാന്നു തിളങ്ങുന്ന പെരുമ്പാമ്പിനെയും  തോളിലേറ്റി ഒരുവന്‍ ഡെക്കില്‍ നില്‍പ്പുണ്ടായിരുന്നു. അയാള്‍ക്കൊപ്പം  ഞങ്ങളെല്ലാവരും  ഫോട്ടോകള്‍ക്ക് പോസ് ചെയ്തത് ഓര്‍മ്മയുണ്ട്. അന്നേരം  വീശിയടിച്ച കാറ്റില്‍, ഉഷയുടെ നീളമുള്ള മുടി ഗുര്‍ദീപിന്റെ മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു.

അതും അന്നത്തെ ഒരു ഫോട്ടോയിലുണ്ട്.

തിരികെ അവരുടെ താമസസ്ഥലത്ത് എത്തിയപ്പോള്‍, ഉഷയുടെ അമ്മ അവര്‍ക്ക് കൊടുത്തു വിട്ട പ്രത്യേകം മസാലപ്പൊടിയിട്ട് അവള്‍ ഞങ്ങള്‍ക്ക് ചായയൊരുക്കിത്തന്നു.   ഏലക്കായുടെയും  ചുക്കിന്റെയും  സ്വാദുള്ള നല്ല ചായ - അതിപ്പോഴും  ഓര്‍മ്മയുണ്ട്.

ഗൗര്‍ദീപ് ഭാഗ്യവാനാണെന്ന് ആ ചായ ഊറിക്കുടിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നു. നല്ല ഭാര്യ. സുന്ദരി. നല്ല സ്വഭാവം.

എട്ട് വര്‍ഷത്തിനിപ്പുറം. ഗുര്‍ദീപ് ഇപ്പോള്‍ ഒറ്റയ്ക്കാണു്. ഉഷ അവനെ പിരിഞ്ഞ് ഇന്‍ഡ്യയില്‍ എവിടെയോ ഒറ്റയ്ക്ക് ജീവിക്കുന്നു. മുമ്പൈയിലോ മറ്റോ.  ഞങ്ങള്‍ ഈ വിവരം  അറിഞ്ഞിട്ട് അധികനാളായിട്ടില്ല; ഏറിയാല്‍ രണ്ടാഴ്ച. അതുവരെ, ഭാര്യാസമേതനായി ഗുര്‍ദീപ് സസന്തോഷം  എവിടെയോ ജീവിക്കുന്നുവെന്ന മനോചിത്രമാണുണ്ടായിരുന്നത്. അപ്പോഴത് വിശ്വസിക്കാനേ പറ്റിയില്ല.

നടന്ന് നടന്ന് മെയിന്‍റോഡ് പോവുന്ന പാലത്തിനടിയിലൂടെയുള്ള  വഴിയിലെത്തി. തുല്ല്യദൂരത്തില്‍ മൂന്ന് പടുകൂറ്റന്‍ തൂണുകളിലായിട്ടാണു പാലം  നില്‍ക്കുന്നത്. വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്നിടത്തെല്ലാം  ബാര്‍ണിക്കിള്‍സ് പടര്‍ന്നിരിക്കുന്നു.

അവിടെ ഒരല്പനേരം നിന്നപ്പോള്‍ അവനോട് ഉഷയെ പറ്റി ചോദിക്കണം  എന്നു തോന്നി.

ഒരു തരത്തില്‍ അതടക്കി, വീണ്ടും ഞങ്ങള്‍ മുന്നോട്ട് നടന്നു. ബേയിലേക്ക് തന്നെ ചെന്നെത്തി.

പടിഞ്ഞാറേക്ക് വ്യൂ. ചൂട് അധികമില്ല എങ്കിലും നല്ല സൂര്യപ്രകാശം, പടിഞ്ഞാറേക്ക് നോക്കുമ്പോള്‍ വലുതായി ഒന്നും  കാണാനാവില്ല എന്നു മാത്രം.

അല്പം  കൂടി നടന്നിട്ട് ഞങ്ങള്‍ ഒരു ചാരുബെഞ്ചില്‍ ചെന്നിരുന്നു. അതിനടുത്തുള്ള നടവഴിയിലൂടെ ആള്‍ക്കാര്‍ നടക്കുകയും ഓടുകയും സൈക്കിള്‍ സവാരി ചെയ്യുകയും  ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. രണ്ട് പുരുഷന്മാര്‍ ഒന്നിച്ച് ഒരു ബെഞ്ചില്‍ വേറെയെങ്ങും  ഇരുപ്പില്ല. ഞങ്ങള്‍ക്ക് തമ്മില്‍ ഗണ്യമായ അകലമുണ്ടായിരുന്നിട്ടും കൂടി, കാണുന്നവര്‍ ശ്രദ്ധിച്ചാല്‍ അവര്‍ ഞങ്ങളെ പറ്റി എന്തു ചിന്തിക്കുമെന്ന് ഒരു കൗതുകം  മനസ്സാ തോന്നിപ്പോയി. പക്ഷെ, ചുറ്റും  നടക്കുമയും  ഓടുകയും  ഉല്ലസിക്കുകയും  ചെയ്യുന്നവര്‍ താന്താങ്ങളുടെ ലോകങ്ങളില്‍ മുഴുകിത്തന്നെയായിരുന്നു.

ഇത് സതേണ്‍ കാലിഫോര്‍ണിയ. ഇവിടെ മറ്റുള്ളവരെ പറ്റി ചിന്തിച്ച് മെനക്കെടാന്‍ ആര്‍ക്കു നേരം? തന്നെയുമല്ല, ഇവനെന്റെ നല്ല സുഹൃത്തുമാണു്; ഇടയ്ക്കിടെ തമ്മില്‍ കാണാറും മിണ്ടാറുമില്ലെങ്കിലും.

വെറുതെ ഓരോന്നു പറയുന്നത് നിര്‍ത്തി ഗുര്‍ദീപ് മൂകനായി. അനന്തതയിലേക്ക് കണ്ണു` പായിച്ച് ഞാനും നിശ്ശബ്ദനായി.

അവനോട് ഒന്നും  ചോദിക്കണമെന്നോ, സംസാരിക്കണമെന്നോ ഒന്നും  തോന്നിയില്ല.

കുറേ നേരം  ഞങ്ങളവിടെയിരുന്നു, ഇരുള്‍ പരക്കും  വരെയും, ഒന്നും   മിണ്ടാതെ.

തിരികെ ഞങ്ങള്‍ മുറിയിലേക്ക് നടന്നെത്തുമ്പോള്‍ രാത്രി കറുക്കാന്‍  തുടങ്ങിയിരുന്നു. അവനു തിരികെ ഇന്നു തന്നെ പോവേ‌ണ്ടതുണ്ട്. രണ്ടര മണിക്കൂറോളം  കാര്‍ യാത്രയുണ്ടവനു തിരികെ.

താരയോട് യാത്ര പറഞ്ഞവന്‍ മുറിക്ക് പുറത്തിറങ്ങി, അവനൊപ്പം   ഞാനും.

"ഹാങ്ങ് ഇന്‍ ദേര്‍, ബഡ്ഡി..!"  എനിക്ക് പറയാനെത്രെ എളുപ്പമാണു്..

അവന്റെ വണ്ടി ഇവിടെ  പുറത്തെവിടെയോ ആണു് പാര്‍ക്ക് ചെയ്തിരിക്കുന്നത്.  അകലെ എവിടെയോ നിന്നോ അവന്റെ കാര്‍ തന്റെ സ്ഥാനം  വിളിച്ചറിയിച്ചു കൊണ്ട് ക്ള്ക്ക്  ക്ളക്ക് എന്നു ചിലച്ചു.  നടക്കേണ്ട ദിശ മനസ്സിലായപ്പോള്‍, കൈവീശി യാത്ര പറഞ്ഞവന്‍ പുറത്തിറങ്ങി നടന്നു.

ഇരുട്ടിലവന്റെ രൂപം  നടന്നു മറഞ്ഞിട്ടും, അവന്റെ ഷൂവിനുള്ളിലെ വെളുത്ത സോക്സ്  കുറേ നേരം  കൂടി കാണാമായിരുന്നു.കതകടച്ച് അകത്തു വന്നപ്പോള്‍ താര ടീവി കാണുകയായിരുന്നു.

"കഷ്ടമുണ്ടല്ലേ, ഗുര്‍ദീപിന്റെ കാര്യം..?" അവള്‍ ചോദിച്ചു.

"യാ...!" റിമോട്ട് കണ്ട്രോള്‍ തപ്പിയെടുത്ത് ചാനല്‍ മാറ്റുന്നതിനിടയില്‍ ഞാന്‍ മറുപടി പറഞ്ഞു, അലക്ഷ്യമായെന്നോണം.

No comments: